മലപ്പുറം: ഭരണമാറ്റത്തിന്റെ പേരിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ നടപടികളിൽ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.
ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വിശദമായ മാനദണ്ഡങ്ങൾ അടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നിലനിൽക്കേ, അവയെല്ലാം അട്ടിമറിച്ചാണ് വനിതാ ജീവനക്കാരെയടക്കം പ്രയാസപ്പെടുത്തിക്കൊണ്ടുള്ള ഈ സ്ഥലം മാറ്റങ്ങളെന്നും തിരുത്താൻ തയാറല്ലെങ്കിൽ കനത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എസ്. മോഹനൻ, കവിത സദൻ, എസ്. ശ്യാംജിത്ത്, പി. ഷാനവാസ്, വി.ജി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. വി. ചക്രപാണി, ദിനു, ശബരി ഗിരീഷ്, കെ. രാജൻ, വി. മുനവിർ എന്നിവർ നേതൃത്വം നൽകി.